തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി മോഷണത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ തെളിവുണ്ടെങ്കിൽ കോടതിയിൽ രേഖകൾ ഹാജരാക്കട്ടെ എന്ന് കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയിൽ.
സ്വർണപ്പാളി വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ കാര്യങ്ങൾ കൃത്യമായി വ്യക്തമാക്കിയതാണ്. എന്നിട്ടും വീണ്ടും പത്രസമ്മേളങ്ങൾ വിളിച്ചു തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രതിപക്ഷ നേതാവ് നടത്തുന്ന പ്രസ്താവനകൾ ന്യായീകരിക്കാൻ കഴിയില്ലെന്നും അത്തരം രീതികൾ ഒരു രാഷ്ട്രീയ നേതാവിനു യോജിച്ചതല്ലെന്നും കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
പ്രതിപക്ഷ നേതാവിനെതിരേ കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ടക്കേസ് അവസാനിക്കുന്നതു വരെ സ്വർണപ്പാളി വിഷയത്തിൽ കടകംപള്ളിക്കെതിരേ മോഷണ പരാമർശം നടത്തുന്നതിനു സ്റ്റേ ആവശ്യപ്പെട്ട് കടകംപള്ളി സമർപ്പിച്ച ഇടക്കാല ഹർജിയുടെ വാദമാണ് കോടതി പരിഗണിക്കുന്നത്.
കടകപള്ളിയുടെ വാദം ക്രിസ്മസ് അവധിക്കു ശേഷം ജനുവരി അഞ്ചിന് വീണ്ടും തുടരും. തിരുവനന്തപുരം രണ്ടാം അസിസ്റ്റന്റ് സബ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. 2016 മുതൽ 2021 വരെയാണ് കടകംപള്ളി ദേവസ്വം മന്ത്രി ആയിരുന്നത്. ഈ കാലയളവിലാണ് തിരിമറി നടന്നിട്ടുള്ളത്.
ഇതിൽ ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡ് അംഗങ്ങൾക്കും ഉള്ളതു പോലുള്ള ഉത്തരവാദിത്വം മന്ത്രി എന്ന നിലയിൽ കടകംപള്ളിക്കും ഉണ്ടെന്നാണ് സതീശന്റെ വാദം. കടകംപള്ളിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രസ്താവന താൻ നടത്തിയിട്ടില്ലെന്നും ഉത്തമബോധ്യത്തിൽ നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും സതീശൻ മറുപടിയിൽ വ്യക്തമാക്കി.
സതീശൻ മാപ്പു പറയണമെന്നും സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പു വരുത്തണമെന്നും നടത്തിയ പ്രസ്താവനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് കടകംപള്ളി സുരേന്ദ്രൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്.